English| മലയാളം

ആമുഖം

കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കിലാണ് പുനലൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. പുനലൂര്‍, വാളക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുനലൂര്‍ നഗരസഭയ്ക്ക് 34.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് വിളക്കുടി, പിറവന്തൂര്‍, പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തെന്മല, ഏരൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏരൂര്‍, കരവാളൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കരവാളൂര്‍, വിളക്കുടി പഞ്ചായത്തുകളുമാണ് പുനലൂര്‍ നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍. കുന്നും, മലയും, കുന്നിന്‍ ചരിവുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പുനലൂരിന്റേത്. പുനലൂര്‍ നഗരം തന്നെ കുന്നുകള്‍ക്കിടയിലാണ്. നഗരത്തിലെ മിക്കവാറും വാര്‍ഡുകളില്‍ ഉയര്‍ന്ന കുന്നും, കുന്നിന്റെ മുകളില്‍ നിരപ്പും, കീഴ്ക്കാം തൂക്കായ ചരിവും താഴ്വാരവും കാണാം. ചരല്‍, പശിമരാശിമണ്ണ്, ചെളിമണ്ണ്, വെട്ടുകല്ല്, മണല്‍ മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന മണ്ണിനങ്ങള്‍. “പുനല്‍” എന്ന തമിഴ് പദത്തിന് വെള്ളം എന്നാണര്‍ത്ഥം. പുനലൂര്‍ എന്നാല്‍ വെള്ളമുള്ള ഊര് എന്നര്‍ത്ഥം. പുരാതനകാലം മുതല്‍ തമിഴ്‌വ്യാപാരികള്‍ കേരളത്തിലേക്ക് വരാന്‍ ഉപയോഗിച്ച കച്ചവടപാതയിലെ പ്രധാന ഇടത്താവളമായിരുന്നു ഇവിടം. ദുര്‍ഘടമായ യാത്രയ്ക്കു ശേഷം, കല്ലടയാറിന്റെ കരയിലെ സൌകര്യപ്രദമായ ഈ ഇടത്താവളത്തില്‍ വെച്ചായിരുന്നു സഞ്ചാരികള്‍ ദാഹമകറ്റിയിരുന്നതും, തുടര്‍യാത്രയ്ക്കുള്ള ജലം ശേഖരിച്ചിരുന്നതും. തുടര്‍ന്ന് ഇവിടം പുനലൂര്‍ എന്നു വിളിക്കപ്പെടാന്‍ ഇടയാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂടും ഏറ്റവും കൂടുതല്‍ മഴയും ഒരുപോലെ ലഭിക്കുന്ന ഏക പ്രദേശമാണ് പുനലൂര്‍. കേരളത്തിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലൊന്ന് പുനലൂരിലാണ് സ്ഥാപിതമായിരിക്കുന്നത്. പുനലൂരില്‍ അനുഭവപ്പെടുന്ന ചൂടിന്റെയും, മഴയുടെയും, ശൈത്യത്തിന്റെയും സ്ഥിതിവിവരക്കണക്കുകള്‍ക്ക് സംസ്ഥാനത്തെ പൊതു കാലാവസ്ഥാ അവലോകനത്തില്‍ പ്രഥമവും, അതിനിര്‍ണ്ണായകവുമായ സ്ഥാനമാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനം പല കാര്യങ്ങളിലും കൈയ്യാളുന്ന നഗരമാണിത്. ഇന്ത്യയിലെ രണ്ടേരണ്ട് തൂക്കുപാലങ്ങളുള്ളതില്‍ ഒന്ന് പുനലൂരിലാണ് സ്ഥിതി ചെയ്യുന്നത്. കല്‍ക്കട്ടയിലെ പ്രസിദ്ധമായ ഹൌറ പാലമാണ് മറ്റൊന്ന്. ബ്രിട്ടീഷുകാര്‍ 1877-ലാണ് പുനലൂരിലെ തൂക്കുപാലം നിര്‍മ്മിക്കുന്നത്. തിരുവിതാംകൂറിലെ ആദ്യ റെയില്‍പാത നിലവില്‍ വന്നത് പുനലൂരിനും കൊല്ലത്തിനുമിടയിലാണ്. നഗരഹൃദയത്തിലൂടെയൊഴുകുന്ന കല്ലടയാര്‍ പുനലൂരിന്റെ ജീവനാഡിയാണ്. 1971 ഏപ്രില്‍ ഒന്നാം തിയതിയാണ് അതുവരെ പഞ്ചായത്തായിരുന്ന പുനലൂര്‍, ഒരു മുനിസിപ്പല്‍ പദവിയുള്ള പട്ടണമായി ഉയര്‍ത്തപ്പെട്ടത്.

 

പൊതുവിവരങ്ങള്‍

 

ജില്ല                                    : കൊല്ലം 
വിസ്തീര്‍ണ്ണം                           : 34.6 ച.കി.മി
കോഡ്                                 : M020300 
വാര്‍ഡുകളുടെ എണ്ണം              : 35  
ജനസംഖ്യ                             : 47226
പുരുഷന്മാര്‍‍                           : 22936
സ്ത്രീകള്‍                                 ‍ : 24290
ജനസാന്ദ്രത                           : 1361
സ്ത്രീ : പുരുഷ അനുപാതം          : 1023
മൊത്തം സാക്ഷരത                : 91.32
സാക്ഷരത (പുരുഷന്മാര്‍ )         : 94.19
സാക്ഷരത (സ്ത്രീകള്‍ )                : 88.56
Source : Census data 2001